അങ്ങാടിപ്പുറം: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ അധിക പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യത്തിന് ജനപിന്തുണയേറുന്നു. ടൂറിസം കേന്ദ്രമായ നിലമ്പൂരിലേക്കും തിരിച്ചും ദിവസേന നൂറുകണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. എന്നാല്‍, യാത്രക്കാരുടെ തിരക്കിന് അനുസരിച്ചുള്ള സര്‍വിസുകള്‍ നിലവിലില്ല.
രാവിലെ 10.43-ന് നിലമ്പൂരില്‍നിന്ന് ഷൊര്‍ണൂരിലേക്ക് പുറപ്പെടുന്ന പാസഞ്ചര്‍ കഴിഞ്ഞാല്‍, പിന്നെ വൈകീട്ട് 3.58-നുള്ള കോട്ടയം എക്സ്പ്രസ് മാത്രമാണ് ഈ റൂട്ടിലുള്ളത്. സര്‍വീസുകള്‍ തമ്മിലുള്ള ഈ വലിയ സമയവ്യത്യാസം വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രാവിലെയും വൈകീട്ടും കുറഞ്ഞത് ഒന്നോ രണ്ടോ അധിക പാസഞ്ചര്‍ സര്‍വിസുകളെങ്കിലും പുതുതായി ആരംഭിക്കണമെന്നാണ് ആവശ്യം. മേലാറ്റൂര്‍, കുലുക്കല്ലൂര്‍ ക്രോസിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ പാതയില്‍ കൂടുതല്‍ പാസഞ്ചര്‍, എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കാനും സമയക്രമത്തില്‍ മാറ്റം വരുത്താനും സാധിക്കും.
എന്നാല്‍, പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ അങ്ങാടിപ്പുറത്തെ പ്ലാറ്റ്ഫോം പരിമിതി വികസനത്തിന് തടസമാകുന്നുണ്ട്. 24 ബോഗികളുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ നിലവിലെ പ്ലാറ്റ്ഫോമിന് നീളമില്ല. പ്ലാറ്റ്ഫോം നീളം കൂട്ടുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. നിര്‍മാണം വേഗത്തിലാക്കി കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.